03:32pm 25 September 2026
NEWS
വേനൽകാല പുറംപണി വിലക്ക് ലംഘിച്ചു: ഖത്തറിൽ 388 നിർമ്മാണ സൈറ്റുകൾ അടപ്പിച്ചു
25/09/2026  02:09 PM IST
nila
വേനൽകാല പുറംപണി വിലക്ക് ലംഘിച്ചു: ഖത്തറിൽ 388 നിർമ്മാണ സൈറ്റുകൾ അടപ്പിച്ചു

​ദോഹ: വേനൽകാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 388 തൊഴിൽ സൈറ്റുകൾ അടപ്പിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നാം തീയതി മുതൽ സെപ്റ്റംബർ 15 വരെ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ ഊർജ്ജിത പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
​2021-ലെ 17-ാം നമ്പർ  തീരുമാനം അനുസരിച്ച്, കടുത്ത ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ തൊഴിലുടമകൾ സ്വീകരിക്കേണ്ടതുണ്ട്. ഇത് ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, നിർദ്ദിഷ്ട നടപടിക്രമങ്ങൾ അനുസരിച്ച് മൂന്ന് ദിവസത്തേക്ക് ഇത്തരം സൈറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
​തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും തൊഴിൽ അന്തരീക്ഷം കൂടുതൽ സുരക്ഷിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടികൾ. 'ഖത്തർ നാഷണൽ വിഷൻ 2030' ലക്ഷ്യമിടുന്ന സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും, നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img